സഹതടവുകാരിയായ വിദേശ വനിതയെ മര്‍ദ്ദിച്ചു; കാരണവര്‍ വധക്കേസ് ഒന്നാം പ്രതി ഷെറിനെതിരെ വീണ്ടും കേസ്

ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനത്തിന് പിന്നാലെയാണ് ഷെറിനെതിരെ വീണ്ടും കേസ് വരുന്നത്

കണ്ണൂര്‍: കാരണവര്‍ വധക്കേസ് ഒന്നാം പ്രതി ഷെറിനെതിരെ വീണ്ടും കേസ്. കണ്ണൂര്‍ വനിതാ ജയിലിലെ സഹതടവുകാരിയെ മര്‍ദ്ദിച്ചതിനാണ് കേസ്. ലഹരി കേസില്‍ ജയിലില്‍ കഴിയുന്ന നൈജീരിയ സ്വദേശിക്ക് നേരെയായിരുന്നു മര്‍ദ്ദനം. ഷെറിനും തടവുകാരിയായ സുഹൃത്തും ചേര്‍ന്ന് മര്‍ദ്ദിച്ചു എന്ന് എഫ്‌ഐആര്‍. ഈ മാസം 24നായിരുന്നു സംഭവം. ഇന്നലെയായിരുന്നു ഷെറിനെതിരെ കേസെടുത്തത്. ഷെറിന് ശിക്ഷായിളവ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. മന്ത്രിസഭയുടെ ഉത്തരവ് ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് പുതിയ കേസ് വന്നിരിക്കുന്നത്.

ജീവപര്യന്തം തടവിനാണ് ഷെറിന്‍ ശിക്ഷിക്കപ്പെട്ടത്. ഇത് 14 വര്‍ഷമായി ഇളവ് ചെയ്യാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. 14 വര്‍ഷം തടവ് പൂര്‍ത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നല്‍കണമെന്ന് ഷെറിന്‍ സമര്‍പ്പിച്ച അപേക്ഷയും പരിഗണിച്ചാണ് ശിക്ഷയില്‍ ഇളവു ചെയ്ത് ജയില്‍മോചനത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കിയത്. തന്റെ മകന്‍ പുറത്തുണ്ടെന്നും അപേക്ഷയില്‍ ഷെറിന്‍ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം തള്ളണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. ഷെറിന് ശിക്ഷയില്‍ ഇളവ് നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഗവര്‍ണര്‍ ഫയലില്‍ ഒപ്പുവെക്കരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്‌കര കാരണവരെ മരുമകള്‍ ഷെറിന്‍ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്‌കര കാരണവറുടെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001ല്‍ ഇവര്‍ വിവാഹിതരായത്. പക്ഷേ ഷെറിന്റെ ബന്ധങ്ങളും ദാമ്പത്യപൊരുത്തക്കേടുകളും പുറത്തറിഞ്ഞതോടെയാണ് ഭര്‍തൃപിതാവിനെ ഷെറിന്‍ കൊലപ്പെടുത്തിയത്.

2010 ജൂണ്‍ 11നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിച്ചത്. തുടര്‍ന്ന് ഷെറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വൈകാതെ ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്കു മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചത് പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ഇവിടെ വെച്ച് വെയില്‍ കൊള്ളാതിരിക്കാന്‍ ഇവര്‍ക്കു ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചതു വലിയ വിവാദമായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ഷെറിനെതിരെ പരാതി ഉണ്ടായി. പിന്നീട് 2017 മാര്‍ച്ചില്‍ തിരുവനന്തപുരം വനിതാ ജയിലിലേക്കു മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top