തിരുവനന്തപുരം: ജപ്പാനിലെ പ്രമുഖ ഓട്ടോമോട്ടീവ്, ടെക് കമ്പനികളായ ഡിജിറ്റൽ സൊല്യൂഷൻസ് ഇൻകോർപ്പറേറ്റഡ് (DSI), ടൊയോട്ട മോട്ടോർ കോർപ്പറേഷൻ എന്നിവയിൽ നിന്നുള്ള ഉന്നതതല പ്രതിനിധികൾ ടെക്നോപാർക്കിലെ ഓട്ടോമോട്ടീവ്-ടെക് ആവാസവ്യവസ്ഥ നേരിൽ തിരിച്ചറിയുന്നതിനായി ടെക്നോപാർക്ക് സന്ദർശിച്ചു.
DSI ജപ്പാൻ പ്രസിഡന്റ് കാഞ്ചി ഉയേദയുടെ നേതൃത്വത്തിൽ എത്തിയ സംഘത്തെ ടെക്നോപാർക്ക് CEO കേണൽ സഞ്ജീവ് നായർ (റിട്ട.) ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്വീകരിച്ചു. ടെക് ആവാസവ്യവസ്ഥയുടെ സാധ്യതകളും നവീന സാങ്കേതിക ഇടപെടലുകളും ഡെപ്യൂട്ടി ജനറൽ മാനേജർ വസന്ത് വരദ സംഘം മുമ്പിൽ വിശദീകരിച്ചു.
സംഘത്തിൽ ടൊയോട്ട ലെക്സസ് ഡിവിഷൻ ജനറൽ മാനേജർ യോഷിഹിരോ ഇവാനോ, ഗ്രൂപ്പ് മാനേജർ അകിനോബു വാനിബെ, ടൊയോട്ട സുഷോ സിസ്റ്റംസ് കോർപ്പറേഷൻ പ്രതിനിധികളായ റെയ് ഇസോഗായ്, കട്സുയോഷി ഹിരാനോ, കൂടാതെ DSI ടെക്നോളജീസ് CEO ഹരിഹരൻ എന്നിവർ പങ്കെടുത്തു.
AI, റോബോട്ടിക്സ്, മെഷീൻ ലേണിംഗ്, ബ്ലോക്ക്ചെയിൻ തുടങ്ങിയ ഭാവിയിലെ ടെക് മേഖലകളിൽ ടെക്നോപാർക്ക് വലിയ സാധ്യതകൾ തുറക്കുന്നതായി കേണൽ സഞ്ജീവ് നായർ ചൂണ്ടിക്കാട്ടി. വൈവിധ്യമാർന്ന കമ്പനികൾക്ക് തമ്മിൽ സഹകരിക്കാനുള്ള വേദിയായും ടെക്നോപാർക്ക് നിലകൊള്ളുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്പനികൾ ഒന്നടങ്കം ഉൾക്കൊള്ളുന്ന ആവാസവ്യവസ്ഥയുടെ വ്യാപ്തി ശ്രദ്ധേയമാണെന്ന് കാഞ്ചി ഉയേദ അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യയുടെ സംവേദനം പ്രോത്സാഹിപ്പിക്കുന്ന ഈ ഇടപെടൽ, ഭാവിയിലേക്കുള്ള പങ്കാളിത്തങ്ങൾക്ക് വഴിയൊരുക്കും എന്നാണു പ്രതീക്ഷ.
DSI ടെക്നോളജീസ്, കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ടെക്നോപാർക്ക് ഫേസിൽ പ്രവർത്തിക്കുന്ന കമ്പനിയായതിന്റെ ഭാഗമായും, ഓട്ടോമോട്ടീവ് മുതൽ എയ്റോസ്പേസ് വരെ വിവിധ മേഖലയിലേക്കുള്ള CAD/CAE ഡിസൈൻ, സോഫ്റ്റ്‌വെയർ മോഡലിംഗ്, കസ്റ്റമൈസേഷൻ സേവനങ്ങൾ ആഗോളതലത്തിൽ നൽകുന്നുണ്ട്. ഐ.ടി. പാർക്കിന്റെ നവീനതയും വളർച്ചയും ജാപ്പനീസ് സംഘത്തിന് വലിയ ആത്മവിശ്വാസം നൽകിയത് കൂടിയാണ്.