ഏപ്രിൽ 10 നാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. എന്നാൽ തമിഴ്നാട്ടിൽ ഏപ്രിൽ 9 ന് രാത്രി 10.30 മുതൽ ചിത്രത്തിന്റെ പെയ്ഡ് പ്രീമിയർ ഷോകൾ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ
അജിത് കുമാർ-ആദിക് രവിചന്ദ്രൻ ചിത്രം ‘ ഗുഡ് ബാഡ് അഗ്ലി’യുടെ ടീസർ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി കഴിഞ്ഞു. ബില്ല, മങ്കാത്ത വൈബിൽ ഒരു ‘അജിത് ആഘോഷം’ എന്നാണ് ടീസറിനെക്കുറിച്ച് പല ആരാധകരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്ലോട്ടിനെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
‘ആരെയും ഭയക്കാത്ത ഒരു ഡോൺ തന്റെ കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കാനായി തന്റെ അക്രമവും വയലൻസും നിറഞ്ഞ ജീവിതം ഉപേക്ഷിക്കുന്നു. പക്ഷേ അവൻ്റെ ഇരുണ്ട ഭൂതകാലവും, ചെയ്ത പ്രവർത്തികളും അയാളെ പിന്തുടരുന്നു. അയാൾ അതിനെയെല്ലാം നേരിട്ട് അവയെ മറികടക്കുന്നു. പ്രതികാരത്തിൻ്റെയും വിശ്വസ്തതയുടെയും അധികാരത്തിൻ്റെയും കഥയാണ് ഗുഡ് ബാഡ് അഗ്ലി’, ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സിനിമയുടെ പ്ലോട്ട്. ഗംഭീര കൊമേർഷ്യൽ എന്റർടൈനർ ആകും ചിത്രമെന്നും അജിത് ആരാധകർക്ക് ആഘോഷിക്കാനുള്ളതെല്ലാം സിനിമയിലുണ്ടാകും എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവന്ന പ്ലോട്ടിനെക്കുറിച്ച് അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നും പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ല.
അതേസമയം ചില വിമർശനങ്ങളും ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന കേൾക്കുന്നുണ്ട്. ബാഷ മുതൽ ലിയോ വരെ ഇതേ കഥയാണ് പറഞ്ഞതെന്നും എന്ത് പുതുമയാണ് ഇതിൽ സംവിധായകൻ ആദിക് കൊണ്ടുവരുന്നതെന്ന് കാണാൻ കാത്തിരിക്കുന്നു എന്നും കമന്റുകളുണ്ട്. ഏപ്രിൽ 10 നാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. എന്നാൽ തമിഴ്നാട്ടിൽ ഏപ്രിൽ 9 ന് രാത്രി 10.30 മുതൽ ചിത്രത്തിന്റെ പെയ്ഡ് പ്രീമിയർ ഷോകൾ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് സത്യമാണെങ്കിൽ ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിക്കുക തമിഴ്നാട്ടിലാകും. കേരളത്തിൽ ചിത്രത്തിന് തലേദിവസം പ്രീമിയർ ഷോ ഉണ്ടാകുമോയെന്ന കാര്യത്തിൽ അപ്ഡേറ്റ് വന്നിട്ടില്ല.
മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു.