ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് (ഐപിഎൽ) കളിക്കാരെ അയയ്ക്കുന്നത് മറ്റ് ക്രിക്കറ്റ് ബോർഡുകൾ നിർത്തണമെന്ന് മുൻ പാക് ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ് പറഞ്ഞു
ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് (ഐപിഎൽ) കളിക്കാരെ അയയ്ക്കുന്നത് മറ്റ് ക്രിക്കറ്റ് ബോർഡുകൾ നിർത്തണമെന്ന് മുൻ പാക് ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ് പറഞ്ഞു. വിദേശ ടി20 ലീഗുകൾക്കായി ബിസിസിഐ അവരുടെ കളിക്കാരെ വിട്ടയച്ചില്ലെങ്കിൽ ലോകമെമ്പാടുമുള്ള മറ്റ് ബോർഡുകൾ ഇന്ത്യൻ മണ്ണിലെ ലീഗിലേക്ക് അവരുടെ ക്രിക്കറ്റ് കളിക്കാരെ വിട്ടയക്കുന്നത് നിർത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
‘ചാംപ്യൻസ് ട്രോഫി മാറ്റിവെക്കൂ, ലോകമെമ്പാടുമുള്ള എല്ലാ മികച്ച കളിക്കാരും പങ്കെടുക്കുന്ന ഐപിഎൽ നോക്കൂ. എന്നാൽ ഇന്ത്യൻ കളിക്കാർ മറ്റ് ലീഗുകളിൽ കളിക്കാൻ പോകുന്നില്ല. അതിനാൽ, എല്ലാ ബോർഡുകളും അവരുടെ കളിക്കാരെ ഐപിഎല്ലിലേക്ക് അയയ്ക്കുന്നത് നിർത്തണം, കാരണം ഇത് അനീതിയാണ്, ഇൻസമാം ഉൾ ഹഖ് കൂട്ടിച്ചേർത്തു.
സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങൾ ബിബിഎൽ, ഡബ്ല്യുസിപിഎൽ, ദി ഹണ്ട്രഡ് തുടങ്ങിയ വിദേശ ലീഗുകളിൽ കളിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ പുരുഷ ക്രിക്കറ്റിന്റെ കാര്യത്തിൽ അങ്ങനെയല്ല. വിദേശ ഫ്രാഞ്ചൈസി ടി20 ലീഗുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ബിസിസിഐ പുരുഷ ക്രിക്കറ്റ് കളിക്കാരെ വിലക്കിയിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരന് വിദേശ ലീഗുകളിൽ കളിക്കാൻ അനുവാദമുള്ളത്. കഴിഞ്ഞ വർഷം ദിനേശ് കാർത്തിക് വിരമിക്കൽ പ്രഖ്യാപിച്ചു, അതിനുശേഷം അദ്ദേഹം SA20-യിൽ പാൾ റോയൽസിനായി കളിച്ചു. യുവരാജ് സിംഗ്, ഇർഫാൻ പത്താൻ തുടങ്ങി താരങ്ങളും GT20 കാനഡ, ലങ്ക പ്രീമിയർ ലീഗ് തുടങ്ങിയ ടൂർണമെന്റുകളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും അതും ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു.