പ്രമേഹ രോ​ഗികൾക്ക് ആശ്വാസം; പേറ്റൻ്റ് തീർന്നു, ‘എംപാ​ഗ്ലിഫ്ലോസിൻ്റെ’ വില കുറഞ്ഞേക്കും

എംപാ​ഗ്ലിഫ്ലോസിനുമേൽ ജർമൻ ഫാർമ കമ്പനിക്കുള്ള പേറ്റൻ്റ് ഇന്നു തീരുന്നതോടെയാണ് ഇന്ത്യൻ കമ്പനികൾക്ക് ഉൽപാദനം സാധ്യമാകുന്നത്

ന്യൂഡൽഹി : പ്രമേഹ ചികിത്സയ്ക്കു വ്യാപകമായി ഉപയോ​ഗിക്കുന്ന ‘എംപാ​ഗ്ലിഫ്ലോസിൻ’ മരുന്നിൻ്റെ വില കുറഞ്ഞേക്കും. ഇപ്പോൾ ഒരു ​ഗുളികയ്ക്ക് 60 രൂപ വിലയുള്ള എംപാ​ഗ്ലിഫ്ലോസിൻ്റെ ജനറിക് പതിപ്പ് 9 മുതൽ 14 വരെ രൂപ വിലയ്ക്കു ലഭിച്ചേക്കും.

എംപാ​ഗ്ലിഫ്ലോസിനുമേൽ ജർമൻ ഫാർമ കമ്പനിക്കുള്ള പേറ്റൻ്റ് ഇന്നു തീരുന്നതോടെയാണ് ഇന്ത്യൻ കമ്പനികൾക്ക് ഉൽപാദനം സാധ്യമാകുന്നത്. മാൻകൈഡ് ഫാർമ, ടൊറൻ്റ്, ആൽക്കെം, ഡോ റെഡ്ഡീസ്, ലൂപിൻ തുടങ്ങിയവയാണ് ഈ മരുന്ന് പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന മുൻനിര കമ്പനികൾ.

പ്രമേഹം, ഹൃദയസ്തംഭനം ഉൾപ്പെടെയുള്ള അനുബന്ധ രോഗങ്ങൾ എന്നിവ ചികിത്സിക്കാൻ എംപാഗ്ലിഫ്ലോസിൻ ഉപയോഗിക്കുന്നു. ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് തടയാൻ എംപാഗ്ലിഫ്ലോസിൻ വൃക്കകളിൽ പ്രവർത്തിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.

10.1 കോടിയിലധികം പ്രമേഹ രോഗികള്‍ ഇന്ത്യയിലുണ്ടെന്നാണ് 2023 ലെ ഐസിഎംആർ പഠനം വ്യക്തമാക്കുന്നത്. 20,000 കോടി രൂപ മൂല്യമുളളതാണ് ഇന്ത്യയിലെ പ്രമേഹ ചികിത്സാ വിപണി. മരുന്നുകളുടെ വില കുറയുന്നത് സാധാരണക്കാരായ പ്രമേഹ രോഗികളുടെ സാമ്പത്തിക ഭാരം ഗണ്യമായി കുറയ്ക്കുന്നതിന് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back To Top