‘താനൂരിലെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്’; ശക്തമായ നിയമനടപടിയെന്ന് പൊലീസ്

സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുൾപ്പടെ നീക്കം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു

മലപ്പുറം: താനൂരിൽ നിന്ന് കാണാതാവുകയും പിന്നീട് മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുൾപ്പടെ നീക്കം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. നീക്കം ചെയ്യാത്തവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.

പെൺകുട്ടികളെ ഇതുവരെ വീട്ടുകാർക്കൊപ്പം വിട്ടിട്ടില്ല. സിഡബ്ല്യുസി കെയർ ഹോമിൽ തുടരുന്ന കുട്ടികളെ വിശദമായ കൗൺസിലിനിങിന് ശേഷമായിരിക്കും വീട്ടുകാർക്കൊപ്പം വിട്ടുനൽകുക. നാട് വിടാൻ കുട്ടികളെ സഹായിച്ച എടവണ്ണ സ്വദേശി റഹീം അസ്‌ലമിനെ കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. ഇയാളെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. തട്ടിക്കൊണ്ടു പോകൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനികളാണ് നാടുവിട്ടത്. പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് മണിയോടെ വിദ്യാർത്ഥിനികൾ കോഴിക്കോട് എത്തി.

ഇതിന് പിന്നാലെ ഇവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. ഇതിനിടെ പെൺകുട്ടികൾ മുംബൈയിലെ സലൂണിൽ എത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹെയർ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപയാണ് പെൺകുട്ടികൾ സലൂണിൽ ചെലവഴിച്ചത്. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പൂനെയിൽ നിന്ന് പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top