കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം ഇരട്ട കൊലപാതകം നടന്ന ചുള്ളാളത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ കിളിമാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി അഫാനായി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. അഫാന്റെ പിതാവിന്റെ സഹോദരന്‍ അബ്ദുല്‍ ലത്തീഫിനെയും ഭാര്യ ഷാഹിദയേയും കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡിയില്‍ വാങ്ങുക. കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം ഇരട്ട കൊലപാതകം നടന്ന ചുള്ളാളത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസം പാങ്ങോട് പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. കിളിമാനൂര്‍ പൊലീസിന്റെ കസ്റ്റഡി കാലാവധിക്ക് ശേഷം വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. ശേഷമാകും അനുജന്‍ അഹ്‌സാനെയും പെണ്‍സുഹൃത്ത് ഫര്‍സാനയേയും കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് നടക്കുക.
ഫെബ്രുവരി 24മനായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍. ഇതിന് പിന്നാലെ അഫാന്‍ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തിരുന്നു. മാതാവ് ഷെമിയയെ ആക്രമിച്ച ശേഷമായിരുന്നു അഞ്ച് കൊലപാതകങ്ങളും അഫാന്‍ നടത്തിയത്. സാമ്പത്തിക പ്രശ്‌നമാണ് അഫാനെ കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് പ്രതിയുള്ളത്.