നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് 22 കളികളിൽ 25 പോയൻറുമായി പത്താം സ്ഥാനത്താണുള്ളത്
ഐ എസ് എൽ 2024-25 സീസണിലെ അവസാന ഹോം മത്സരത്തിന് കൊച്ചി കലൂർ ജവഹർലാ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. വൈകുന്നേരം ഏഴര മുതൽ തുടങ്ങുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ് സിയാണ് എതിരാളികൾ. ശേഷം മാർച്ച് 12ന് ഹൈദരാബാദ് എഫ്സിയെ അവരുടെ ഹോം ഗ്രൗണ്ടിൽ ഏറ്റുമുട്ടുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ സീസൺ അവസാനിക്കും.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് 22 കളികളിൽ 25 പോയൻറുമായി പത്താം സ്ഥാനത്താണുള്ളത്. ടീമിന്റെ പ്ളേ ഓഫ് സാധ്യത ഇതിനകം തന്നെ അവസാനിച്ചതാണ്. ഏഴാംസ്ഥാനത്തുള്ള മുംബൈക്ക് ഇന്നത്തെ മത്സരം ജയിച്ചാൽ പ്ലേ ഓഫിലെത്താം. പോയൻറ് പട്ടികയിൽ ആറാമതുള്ള ഒഡിഷ എഫ്സിയുടെ മത്സരങ്ങളെല്ലാം പൂർത്തിയായി. 33 പോയൻറാണ് നേടിയിട്ടുള്ളത്. മുംബൈ സിറ്റിക്ക് 22 മത്സരങ്ങളിൽ 33 പോയൻറുണ്ട്. ഇനി രണ്ടുമത്സരങ്ങളും ബാക്കിയുണ്ട്. ഇതിൽ ഏതെങ്കിലും ഒന്നിൽ സമനില നേടിയാലും പ്ലേ ഓഫിലെത്താം.