‘ഇത് സ്വപ്നതുല്യമായ നിമിഷം’; മോഹൻലാൽ-അനൂപ് മേനോൻ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിഷാം

ഹിഷാം തന്നെയാണ് സിനിമയുടെ ഭാഗമാകുന്നതായി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്
നടനും സംവിധായകനുമായ അനൂപ് മേനോന്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു എന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. പ്രണയവും സംഗീതവും പശ്ചാത്തലമായുള്ള സിനിമയായിരിക്കും ഇത് എന്നാണ് സൂചന. ഇപ്പോൾ ഈ സിനിമയിലേക്ക് സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ് ഭാഗമാവുകയാണ്. ഹൃദയം സിനിമയിലെ ‘ദർശനാ…’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് ഹിഷാം.

ഹിഷാം തന്നെയാണ് സിനിമയുടെ ഭാഗമാകുന്നതായി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒരു മോഹൻലാൽ സിനിമയുടെ ഭാഗമാവുക എന്നത് സ്വപ്നതുല്യമായ നിമിഷമാണെന്നും ഏറ്റവും മികച്ചത് നൽകാൻ താൻ ശ്രമിക്കുമെന്നും ഹിഷാം സിനിമാ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സിനിമയെക്കുറിച്ച് ഒന്നും സംസാരിക്കാനായിട്ടില്ല. എങ്കിലും ഇന്ത്യൻ സംഗീതത്തിന്റെ വിവിധ വശങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനാൽ പരീക്ഷണങ്ങൾക്ക് ധാരാളം സാധ്യതകളുണ്ട്. അതിനായി കുറഞ്ഞത് ആറ് മാസത്തെ തയ്യാറെടുപ്പുകൾ വേണമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ മാസം മോഹൻലാൽ തന്നെയാണ് സിനിമയുടെ ഔദ്യോഗിക പ്രഖ്‌യാപനം നടത്തിയത്. തിരുവനന്തപുരം, കൊല്‍ക്കത്ത, ഷില്ലോംഗ് എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ഈ സിനിമ പ്രണയത്തിലൂടേയും ആഗ്രഹത്തിലൂടേയും സംഗീതത്തിലൂടെയുമെല്ലാമുള്ള ഒരു യാത്രയായിരിക്കുമെന്ന് മോഹന്‍ലാല്‍ കുറിച്ചു. മികച്ച പിന്നണി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ കഥ തന്റെ ഹൃദയത്തോട് ഏറെ അടുത്തു നില്‍ക്കുന്നതാണെന്നും അന്ന് മോഹൻലാൽ സമൂഹ മദ്യമങ്ങളിലൂടെ അറിയിച്ചു.

അനൂപ് മേനോൻ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് അനൂപ് മേനോന്റെ തിരക്കഥയിൽ ഒരു മോഹൻലാൽ ചിത്രം ഒരുങ്ങുന്നത്. 2008 ൽ പുറത്തിറങ്ങിയ പകൽ നക്ഷത്രങ്ങൾ ആയിരുന്നു അനൂപ് മേനോന്റെ രചനയിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം. ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top