പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഉറവിടം കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് . മലപ്പുറത്തെ അൺ എയ്ഡഡ് സ്ഥാപനമായ മഹ്ദീൻ പബ്ലിക് സ്കൂളിലെ പ്യൂൺ അബ്ദുൾ നാസർ വഴിയാണ് ചോദ്യപേപ്പർ ചോർന്നതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. എം എസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിന് വേണ്ടിയാണ് ഇയാൾ ചോദ്യപേപ്പർ ചോർത്തി നൽകിയതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. അബ്ദുൾ നാസർ എം എസ് സൊല്യൂഷൻസിലെ അധ്യാപകനായ ഫഹദിന് ചോദ്യപേപ്പർ കൈമാറുകയും, ഫഹദ് വഴി സിഇഒ ഷുഹൈബിന് എത്തിക്കുകയുമായിരുന്നു.
കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അബ്ദുൾ നാസറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.പണത്തിനു വേണ്ടിയാണ് അബ്ദുൾ നാസർ ചോദ്യപേപ്പർ ചോർത്തിയത്. ഇന്നലെ രാത്രി മലപ്പുറത്തു നിന്നാണ് അബ്ദുൾ നാസറിനെ കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഇയാൾ ചോദ്യപേപ്പർ ചോർത്തിയത്. ഈ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പത്താം ക്ലാസിന്റെയും പ്ലസ് വണ്ണിന്റെയും ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പറുകളാണ് എം എസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനൽ വഴി ചോർന്നത്. ഇതേ തുടർന്ന് ഷുഹൈബിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. തുടർന്ന് ഷുഹൈബ് ഒളിവില്‍ പോവുകയും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എം എസ് സൊല്യൂഷൻസിലെ അധ്യാപകരായ ജിഷ്ണു, ഫഹദ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഷുഹൈബ് നൽകിയ ചോദ്യ കടലാസ് യൂട്യൂബിലൂടെ അവതരിപ്പിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് അധ്യാപകർ മൊഴി നൽകിയത്.