മറ്റേതെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്നതില്‍ വ്യക്തതയില്ല
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഒരു കുടുംബത്തിലെ നാല് പേരെ ഉള്‍പ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തിയ പ്രതി അഫാന്‍ കൃത്യം നടത്തുമ്പോള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്. അഫാന്‍ സ്റ്റേഷനിലെത്തുമ്പോള്‍ മദ്യപിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്.
രണ്ട് കൊലപാതകങ്ങള്‍ നടത്തിയ ശേഷം അഫാന്‍ ബാറിലെത്തി മദ്യം വാങ്ങിയിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റേതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നതില്‍ വ്യക്തതയില്ല. രക്തസാമ്പിള്‍ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാവൂ. ഫലം ഇന്ന് ലഭിക്കും.
കൊലപാതകങ്ങള്‍ക്ക് ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അഫാനെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ഇന്നുകൂടി ആശുപത്രിയില്‍ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താലേ കൂട്ടക്കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങള്‍ നടന്നതെന്നാണ് പൊലീസ് പറയുന്നത്.
തലക്കേറ്റ അടിയാണ് അഞ്ചുപേരുടെയും മരണകാരണം. ചുറ്റിക കൊണ്ടാണ് തുടര്‍ച്ചയായി തലയില്‍ അടിച്ചത്. അഞ്ചുപേരുടെയും തലയോട്ടി തകര്‍ന്നു. പെണ്‍കുട്ടിയുടെയും അനുജന്റെയും തലയില്‍ പലതവണ അടിച്ചു. പെണ്‍കുട്ടിയുടെ നെഞ്ചിലും ചുറ്റികകൊണ്ട് അടിയേറ്റിട്ടുണ്ട്. എല്ലാവരുടെയും തലയില്‍ നിരവധി ചതവുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെയും അനുജനെയും നിഷ്ഠൂരമായാണ് അഫാന്‍ കൊലപ്പെടുത്തിയത്.