പരിശീലനത്തിനിടെ അപകടം; ജൂനിയർ ദേശീയ ഗെയിംസ് സ്വർണമെഡൽ ജേതാവായ പവർലിഫ്റ്റർക്ക് ദാരുണാന്ത്യം

അപകടം നടന്ന ഉടൻ യാഷ്തിക ആചാര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു

ജയ്പൂർ: ജൂനിയർ ദേശീയ ഗെയിംസ് സ്വർണമെഡൽ ജേതാവായ പവർലിഫ്റ്റർക്ക് പരിശീലനത്തിനിടെ ദാരുണാന്ത്യം. വനിതാ പവർലിഫ്റ്റർ യാഷ്തിക ആചാര്യ (17)യാണ് ജിമ്മിലെ പരിശീലനത്തിനിടെ 270 കിലോ​ഗ്രാം ഭാരമുള്ള ബാർബെൽ കഴുത്തിൽ വീണ് മരിച്ചത്. പരിശീലനത്തിനിടെ ബാർബെൽ വീണ് താരത്തിൻ്റെ കഴുത്തൊടിഞ്ഞുവെന്നാണ് നയാ ഷഹർ എസ്എച്ച്ഒ വിക്രം തിവാരിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. 

അപകടം നടന്ന ഉടൻ യാഷ്തിക ആചാര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ജിമ്മിൽ പരിശീലകൻ്റെ സഹായത്തോടെ ഭാരമുയർത്തുന്നതിനിടെയാണ് യാഷ്തികയ്ക്ക് അപകടമുണ്ടായത്. അപകടത്തിൽ പരിശീലകനും നിസാര പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലാണ് സംഭവം.

കുടുംബം പരാതി നൽകാത്തതിനാൽ സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നും എസ്എച്ച്ഒ അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബുധനാഴ്ച വീട്ടുകാർക്ക് വിട്ടുകൊടുത്തു. സ്ക്വാറ്റ്, ബെഞ്ച് പ്രസ്സ്, ഡെഡ്‌ലിഫ്റ്റ് എന്നിങ്ങനെ മൂന്ന് ലിഫ്റ്റുകളിൽ പരമാവധി ഭാരമുള്ള മൂന്ന് ശ്രമങ്ങൾ അടങ്ങുന്ന ഒരു സ്‌ട്രോംഗ് സ്‌പോർട്‌സാണ് പവർലിഫ്റ്റിംഗ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top