വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഗാസയിൽ ഇസ്രയേൽ ആക്രമണം

ഗാസ: വെടിനിർത്തൽ കരാ‍ർ പ്രഖ്യാപിച്ചതിന് പിന്നാലെ അശാന്തമായി ഗാസ. ഹമാസും ഇസ്രയേലും വെടിനിർത്തൽ കരാർ അം​ഗീകരിച്ചതായി ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച ഖത്തർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ ​ഗാസയിലും വെസ്റ്റ് ബാങ്കിലും അതിശക്തമായ ആക്രമണം അഴിച്ച് വിട്ടത്. വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ ​ഗാസയിൽ നടന്ന ആക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 21 പേർ കുട്ടികളും 25 പേർ‌ സ്ത്രീകളുമാണ്. വെസ്റ്റ് ബാങ്കിലും അതിരൂക്ഷമായ ആക്രമണമാണ് ഇസ്രയേൽ നടത്തിയത്.

ഇതിനിടെ വെടിനിർത്തൽ കരാറിലെ എല്ലാ വശങ്ങളും ഹമാസ് അം​ഗീകരിച്ചുവെന്ന് മധ്യസ്ഥർ ഉറപ്പാക്കുന്നത് വരെ വെടിനിർത്തൽ കരാർ അം​ഗീകരിക്കാനായുള്ള ഇസ്രയേൽ മന്ത്രിസഭ യോ​ഗം ചേരില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. വെടിനിർത്തൽ വ്യവസ്ഥകളിൽ അവസാന നിമിഷം ഹമാസ് മാറ്റം ആവശ്യപ്പെട്ടുവെന്ന് നേരത്തെ നെതന്യാഹു ആരോപിച്ചിരുന്നു. ഞായറാഴ്ച നിലവിൽ വരുന്ന വെടിനിർത്തൽ കരാർ അം​ഗീകരിക്കുന്നതിനായി ഇസ്രയേൽ മന്ത്രിസഭ യോ​ഗം ചേരുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വെടിനിർത്തൽ കരാർ അം​ഗീകരിക്കുന്നതിനായി ഇസ്രയേൽ മന്ത്രിസഭ യോ​ഗം ചേരുന്നത് സംബന്ധിച്ച് അനിശ്ചതത്വം തുടരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന.

വെടിനിർത്തൽ കരാ‍ർ പ്രഖ്യാപിച്ചതോടെ നെതന്യാഹുവിൻ്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു. ഇസ്രായേൽ-ഹമാസ് വെടിനിർത്തലും ബന്ദി ഇടപാടും നടന്നാൽ ഇസ്രായേൽ ഭരണസഖ്യത്തിൽ നിന്ന് തൻ്റെ പാർട്ടിയെ പിൻവലിക്കുമെന്ന് ഇസ്രായേലിൻ്റെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ഭീഷണിപ്പെടുത്തിയിരുന്നു. ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിൻ്റെ തീവ്ര വലതുപക്ഷ സയണിസ്റ്റ് പാർട്ടിയും കരാറിനെതിരെ രം​ഗത്ത് വന്നിട്ടുണ്ട്. ഇറ്റാമർ ബെൻ ഗ്വിറിൻ്റെയും ബെസലേൽ സ്മോട്രിച്ചിൻ്റെയും പാർട്ടികൾ പിന്തുണ പിൻവലിച്ചാൽ നെതന്യാഹു മന്ത്രിസഭ താഴെവീഴും.

ഇതിനിടെ വെടിനിർത്തൽ കരാർ വ്യവസ്ഥകളിൽ നിന്നും പിന്നോട്ട് പോകുന്നു എന്ന ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ആരോപണം നിഷേധിച്ച് ഹമാസ് രം​ഗത്ത് വന്നിട്ടുണ്ട്.

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേലും ഹമാസും അംഗീകരിച്ചെന്ന് നേരത്തെ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച്ച മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം വഹിച്ച ഖത്തർ ഭരണാധികാരിയുടെ പ്രഖ്യാപനം. അമേരിക്കയുടെ പിന്തുണയോടെ ഈജിപ്തും ഖത്തറും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ണായക കരാര്‍ യഥാര്‍ത്ഥ്യമായത്. മൂന്ന് ഘട്ടങ്ങളിലായി വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

42 ദിവസം നീണ്ടു നില്‍ക്കുന്ന ആദ്യ ഘട്ടത്തില്‍ സ്ത്രീകളും, കുട്ടികളും, വൃദ്ധരുമടങ്ങിയ 33 ബന്ദികളെ ഹമാസ് വിട്ടയക്കുമെന്നാണ് കരാർ വ്യവസ്ഥ. ഇതിന് പകരമായി ഇസ്രായേല്‍ ജയിലിലുള്ള ആയിരം പലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. വെടിനിര്‍ത്തിലിന്റെ ആറാഴ്ചക്കുള്ളില്‍ തന്നെ പലസ്തീനികളെ വടക്കന്‍ ഗാസയിലേക്ക് മടങ്ങാന്‍ അനുവദിക്കും എന്നും കരാർ വ്യവസ്ഥ ചെയ്യുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും മേല്‍നോട്ടത്തിലാവും മടക്കം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top