‘എനിക്ക് മതിയായി; ഇനിയും ഇത് തുടാരാനാവില്ല’, സീനിയര്‍ താരങ്ങൾക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

സിഡ്നി: ഓസ്ട്രേലിയക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് സീനിയര്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോച്ച് ഗൗതം ഗംഭീര്‍. പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ലെന്ന് ഗൗതം ഗംഭീര്‍ മുന്നറിയിപ്പ് നല്‍കിയതായി ഇന്ത്യൻ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഡ്രസ്സിംഗ് റൂമില്‍ നടന്ന ചര്‍ച്ചയിലാണ്, സീനിയര്‍ താരങ്ങളെക്കൊണ്ട് തനിക്ക് മതിയായെന്ന വാക്കുകള്‍ ഗംഭീര്‍ പ്രയോഗിച്ചത്. ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും സാഹചര്യം മനസിലാക്കി കളിക്കാനോ ഗെയിം പ്ലാനിന് അനുസരിച്ച് കളിക്കാനോ പലരും തയാറാവുന്നില്ലെന്നും സ്വാഭിവക കളിയെന്ന പേരില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പലരും കളിക്കുന്നതെന്നും ഗംഭീര്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ആറുമാസം നിങ്ങളുടെ ഇഷ്ടമനുസരിച്ച് കളിക്കാന്‍ ഞാന്‍ അവസരം നല്‍കി. ഇനിയത് പറ്റില്ല, ഇനി ഞാന്‍ പറയുന്നതുപോലെ കളിക്കാന്‍ താറാവാത്തവര്‍ക്ക് പുറത്തുപോകാമെന്നും ഗംഭീര്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ തീരുമാനിക്കുന്നതിന് വിരുദ്ധമായാണ് പല താരങ്ങളും ഗ്രൗണ്ടില്‍ കളിക്കുന്നതെന്നാണ് ഗംഭീറിന്‍റെ നിലപാട്. ഇനിയത് വെച്ചുപൊറുപ്പിക്കില്ലെന്നും ഗെയിം പ്ലാനിനും സാഹചര്യത്തിനും അനുസരിച്ച് കളിക്കാത്തവരെ പുറത്താക്കാന്‍ മടിക്കില്ലെന്നും ഗംഭീര്‍ ശക്തമായ വാക്കുകളില്‍ മുന്നറിയിപ്പ് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മെല്‍ബണ്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ നിരുത്തവാദപരമായ ഷോട്ട് കളിച്ചാണ് റിഷഭ് പന്ത് പുറത്തായത്. പിന്നാലെ ടീമന്‍റെ കൂട്ടത്തകര്‍ച്ചയും തുടങ്ങി. രണ്ടാം ഇന്നിംഗ്സിലും സമനില സാധ്യതയുള്ളപ്പോള്‍ അനാവശ്യ ഷോട്ട് കളിച്ച് റിഷഭ് പന്ത് പുറത്തായി. ഇതോടെ ഇന്ത്യ വീണ്ടും തകര്‍ന്നടിയുകയും 184 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങുകയും ചെയ്തു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും തുടര്‍ച്ചയായി ഓഫ് സ്റ്റംപിന് പുറത്തുപോകുന്ന പന്തില്‍ ബാറ്റുവെച്ച് പുറത്താകുന്ന വിരാട് കോലിയുടെയും പ്രകടനത്തിലും ഗൗതം ഗംഭീര്‍ തൃപ്തനല്ലെന്നാണ് റിപ്പോര്‍ട്ട്. തെറ്റ് തിരുത്താന്‍ തയാറാത്തവരെ ടീമില്‍ വേണ്ടെന്ന നിലപാട് ഗംഭീര്‍ സ്വീകരിച്ചാല്‍ അത് ഡ്രസ്സിംഗ് റൂമിനകത്ത് വലിയ പൊട്ടിത്തെറിയുണ്ടാക്കുമെന്നാണ് സൂചനകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Back To Top