പുതുവത്സരാഘോഷം: കോണ്ടവും ഒആര്‍എസ് പാക്കറ്റും അയച്ച് ക്ഷണം; മഹാരാഷ്ട്രയിലെ പബ്ബിനെതിരെ യൂത്ത് കോണ്‍ഗ്രസ്

പൂനെ: പുതുവത്സരാഘോഷത്തിനുള്ള ക്ഷണത്തില്‍ കോണ്ടവും ഒആര്‍എസും അടങ്ങുന്ന പാക്കറ്റ് അടച്ചുകൊടുത്ത് വെട്ടിലായി മഹാരാഷ്ട്രയിലെ പബ്ബ്. യൂത്ത് കോണ്‍ഗ്രസ് പൂനെ പൊലീസില്‍ പരാതി നല്‍കി. പബ്ബ് മാനേജ്‌മെന്റിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പരാതി.

യൂത്ത് കോണ്‍ഗ്രസ് പബ്ബുകള്‍ക്കോ നൈറ്റ് ലൈഫിനോ എതിരല്ല. എന്നാല്‍ യുവാക്കളെ ആകര്‍ഷിക്കാനുള്ള ഇത്തരം മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പൂനെ സംസ്‌കാരത്തിന് എതിരാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് ചൂണ്ടികാട്ടുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ പരാതി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ക്ഷണം ലഭിച്ചവരുടെ മൊഴി രേഖപ്പെടുത്തി വരികയാണെന്ന് പൊലീസ് പ്രതികരിച്ചു.

അതേസമയം ഇത്തവണ രാത്രി മുഴുവന്‍ പുതുവത്സരാഘോഷം നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പുലര്‍ച്ചെ അഞ്ച് വരെ പ്രവര്‍ത്തിക്കാനാണ് ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും അനുമതി നല്‍കിയത്. ഇതിന് പിന്നാലെ അമിത മദ്യപാനവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്ന നടപടികള്‍ ഹോട്ടലുകളും സ്വീകരിച്ചു.

ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ വെസ്റ്റേണ്‍ ഇന്ത്യയുടെ പുതിയ നയം അനുസരിച്ച് ഹോട്ടലുകളില്‍ എത്തുന്ന അതിഥികള്‍ക്ക് പരമാവധി നാല് ലാര്‍ജ് ഡ്രിങ്കുകള്‍ മാത്രമേ നല്‍കുകയുള്ളൂ. ഈ പരിധി കഴിഞ്ഞാല്‍ കൂടുതല്‍ നല്‍കില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back To Top