‘കാസ്രോട്ടാറ് പൊളിയല്ലേ?’ തളങ്കരയിൽ നിന്ന് രാജകൊട്ടാരത്തിലേക്ക്; ചാൾസ് രാജാവിന്റെ APS ആയി മുന ഷംസുദ്ദീന്‍

കാസര്‍കോട്: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കാസര്‍കോട്ടുകാരി മുന ഷംസുദ്ദീന്‍. തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ഡോ. പുതിയപുരയില്‍ ഷംസുദ്ദീന്റെയും സെയ്ദുന്നിസ എന്ന ഷഹനാസിന്റെയും മകളാണ് മുന. ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥയായ ഇവര്‍ ലണ്ടനിലെ ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡിവലപ്‌മെന്റ് ഓഫീസില്‍ ജോലി ചെയ്യുമ്പോഴാണ് കഴിഞ്ഞവര്‍ഷം ചാള്‍സ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്.

ബ്രിട്ടനിലെ നോട്ടിങ്ങാം സര്‍വകലാശാലയില്‍നിന്ന് മാത്തമാറ്റിക്‌സ് ആന്‍ഡ് എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയശേഷമാണ് മുന ബ്രിട്ടീഷ് വിദേശകാര്യ സര്‍വീസില്‍ ചേര്‍ന്നത്. ജറുസലേമില്‍ കോണ്‍സുലേറ്റ് ജനറലായും പാകിസ്താനിലെ കറാച്ചിയില്‍ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ആയും പ്രവര്‍ത്തിച്ചു. യു.എന്‍. ഉദ്യോഗസ്ഥനായ ഡേവിഡാണ് ഭര്‍ത്താവ്. ചാള്‍സ് രാജാവിന്റെ ഔദ്യോഗിക പരിപാടികളുടെ ചുമതല മുന ഉള്‍പ്പെടെയുള്ളവര്‍ക്കാണ്. രാജാവിനൊപ്പം വിദേശയാത്രകളിലും മറ്റും അനുഗമിക്കുകയും ചെയ്യണം.

കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ. പി. അഹ്‌മദിന്റെയും പരേതയായ സൈനബിയുടെയും മകനാണ് മുനയുടെ പിതാവായ ഡോ. ഷംസുദ്ദീന്‍. യു.എസിലും ബ്രിട്ടനിലും സൗദി അറേബ്യയിലും പ്രവര്‍ത്തിച്ചു. തിരികെ ബ്രിട്ടനിലെത്തിയശേഷം കുടുംബസമേതം ബര്‍മിങ്ങാമിലായിരുന്നു താമസം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top