ബൂം.. ബൂം.. ബുമ്ര!! ടെസ്റ്റ് ക്രിക്കറ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ വീണ്ടും ഒന്നാമനായി ജസ്പ്രീത് ബുമ്ര

ടെസ്റ്റ് ക്രിക്കറ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് വീണ്ടും തിരിച്ചെത്തി ഇന്ത്യ പേസർ ജസ്പ്രീത് ബുമ്ര. ഇത് മൂന്നാം തവണയാണ് ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ബുമ്ര ഒന്നാമതെത്തുന്നത്. പെർത്തിൽ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ മിന്നും പ്രകടനം കാഴ്ചവെച്ചതാണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താൻ ബുമ്രയെ സഹായിച്ചത്. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ 72 റൺസ് വഴങ്ങി എട്ടു വിക്കറ്റുകൾ ബുമ്ര നേടിയിരുന്നു.

ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബാഡ (872 ), ഓസ്‌ട്രേലിൻ ബൗളർ ജോഷ് ഹേസിൽവുഡ് (860) എന്നിവരെ പിന്തള്ളിയാണ് ബുമ്ര (883 ) ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് റാങ്കിങ് പോയിൻ്റുകളാണ് ബുമ്രയ്ക്ക് ലഭിച്ചിരിക്കുന്നത്.

നേരത്തെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയിൽ വെച്ച് നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലെ ഒൻപത് വിക്കറ്റ് നേട്ടമാണ് ബുമ്രയ്ക്ക് ആദ്യമായി ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. എന്നാൽ ഈ ടോപ് പൊസിഷൻ അധികകാലം നിലനിന്നില്ല. പിന്നീട് ബംഗ്ലാദേശിനെതിരെ 2024 ഒക്ടോബറിൽ നടന്ന ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനം വീണ്ടും ബുമ്രയെ റാങ്കിങ്ങിൽ ഒന്നാമതെത്തിച്ചു. ഇന്ത്യൻ ബൗളർമാരുടെ ഇടയിൽ ഇന്ത്യൻ താരം മുഹമ്മദ് സിറാജും റാങ്കിങ് നില മെച്ചപ്പെടുത്തി. നിലവിൽ 25ാം സ്ഥാനത്താണ് സിറാജ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top