‘താടി വളർന്ന് പല്ല് കൊഴിഞ്ഞ പഴയ നടന്മാർ യുവാക്കൾക്ക് അവസരം നഷ്ടപ്പെടുത്തുന്നു’; രജനികാന്തിന് മറുപടിയുമായി ഡിഎംകെ നേതാവ്

ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) മുതിർന്ന നേതാക്കളെക്കുറിച്ച് പരാമർശം നടത്തിയ സൂപ്പർസ്റ്റാർ രജനികാന്തിന് മറുപടിയുമായി തമിഴ്നാട് മന്ത്രി ദുരൈ മുരുകൻ. പല്ല് കൊഴിഞ്ഞ ശേഷവും അഭിനയം തുടരുന്ന പഴയ താരങ്ങൾ കാരണം യുവനടന്മാർക്ക് അവസരങ്ങൾ നഷ്ടപ്പെടുകയാണെന്ന് രജനികാന്തിനെതിരെ രൂക്ഷമായ വിമർശനവുമായി മന്ത്രി രംഗത്തെത്തി.

പാർട്ടിയിലെ മുതിർന്ന ഡിഎംകെ നേതാക്കളെ “മാനേജ് ” ചെയ്തതിന് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ രജനീകാന്ത് പ്രശംസിച്ച് ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. ആഗസ്റ്റ് 24ന് മുൻ മുഖ്യമന്ത്രി എം കരുണാനിധിയെക്കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കവെയാണ് രജനികാന്ത് പരാമർശം നടത്തിയത്.

“ഒരു കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നു. സ്‌കൂളിൽ പുതിയ വിദ്യാർത്ഥികളെ കൈകാര്യം ചെയ്യുന്നത് ഒരു പ്രശ്‌നമല്ല, എന്നാൽ പഴയ വിദ്യാർത്ഥികളെ (മുതിർന്ന നേതാക്കൾ) കൈകാര്യം ചെയ്യുക എന്നത് ഒരിക്കലും ഒരു ചെറിയ കാര്യവുമല്ല , ഇവിടെ (ഡിഎംകെയിൽ) ഞങ്ങൾക്ക് ധാരാളം പഴയ വിദ്യാർത്ഥികളുണ്ട്. അവരാരും സാധാരണ വിദ്യാർത്ഥികളല്ല, ഈ പഴയ വിദ്യാർത്ഥികളെല്ലാം റാങ്ക് ഹോൾഡർമാരാണ്, പ്രത്യേകിച്ച് ദുരൈ മുരുകൻ… നമുക്കൊന്നും പറയാൻ കഴിയില്ല… സ്റ്റാലിൻ സാർ , ഇതെല്ലാം കൈകാര്യം ചെയ്യുന്നതിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു”. എന്നായിരുന്നു രജനികാന്ത് തന്റെ പ്രസംഗത്തിൽ പറഞ്ഞത്.

എന്നാൽ ഇതിന് മറുപടിയായി ഡിഎംകെ നേതാവ് നടത്തിയ രൂക്ഷമായ പ്രതികരണം പലരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ”താടി വളർന്ന് പല്ല് കൊഴിഞ്ഞ പഴയ നടന്മാർ കാരണം യുവ കലാകാരന്മാർക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നു” എന്നായിരുന്നു ദുരൈ മുരുകൻ രജനികാന്തിനുള്ള മറുപടിയായി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top