ഇസ്ലാമാബാദ്: പാകിസ്താൻ അധ്യക്ഷത വഹിക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ.) ഉച്ചകോടിക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാജ്യത്ത് വൻവെടിവെപ്പ്. 20 ഖനിത്തൊഴിലാളികൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
പാക്കിസ്താൻ്റെ തെക്കുപടിഞ്ഞാറൻ മേഖലയിലാണ് അക്രമം നടന്നത്. വ്യാഴാഴ്ച രാത്രി ദുകി ജില്ലയിലെ ഒരു കൽക്കരി ഖനിയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് തോക്കുധാരികൾ ഇരച്ചുകയറുകയും ആളുകളെ വിളിച്ചുകൂട്ടി വെടിയുതിർക്കുകയുമായിരുന്നുവെന്ന് പോലീസ് ഓഫീസർ ഹമയൂൺ ഖാൻ നസീർ പറഞ്ഞു. മരിച്ചവരിൽ മൂന്ന് പേർ അഫ്ഗാൻകാരാണ്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ബലൂചിസ്ഥാനിലെ പഷ്തൂൺ സംസാരിക്കുന്ന പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.
ഒക്ടോബര്‍ 15, 16 തീയതികളിലായി ഇസ്ലാമാബാദില്‍ നടക്കുന്ന എസ്.സി.ഒ. ഉച്ചകോടിയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ജയശങ്കറിൻ്റെ ആദ്യ പാകിസ്താൻ സന്ദർശനമാണിത്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘത്തെ അദ്ദേഹം നയിക്കും. 2015-ന് ശേഷം ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ ആദ്യ പാകിസ്താൻ സന്ദർശനമാണിത്. സുഷമ സ്വരാജാണ് അവസാനമായി പാകിസ്താൻ സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി.
ഉച്ചകോടിയിൽ പങ്കെടുക്കുന്ന വേളയിൽ പാകിസ്താനുമായി ചർച്ച നടത്തില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സന്ദർശനം ഒരു ബഹുരാഷ്ട്ര പരിപാടിയുടെ ഭാഗമായാണ്. അല്ലാതെ ഇന്ത്യ-പാകിസ്താൻ ബന്ധത്തെ കുറിച്ച് ചർച്ച ചെയ്യാനല്ല. ഷാങ്ഹായ് സഹകരണ സഖ്യത്തിന്റെ ഒരു നല്ല അംഗമാകാനാണ് അവിടെ പോകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.