ഹരിയാനയിലും ജമ്മു കശ്മീരിലും വൻ മുന്നേറ്റം; കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷം

ദില്ലി:ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ ഫല സൂചനകള്‍ വരുമ്പോഴേക്കും വിജയം ഉറപ്പിച്ച് കോണ്‍ഗ്രസിന്‍റെ ആഘോഷം. രാവിലെ എട്ടരയോടെയുള്ള ഫല സൂചനകള്‍ പ്രകാരം ഹരിയാനയിൽ കോണ്‍ഗ്രസിന്‍റെ തേരോട്ടമാണ് കാണുന്നത്. ഹരിയാനയിലെ ലീഡ് നിലയിൽ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം മറികടന്നു. നിലവിൽ 74 സീറ്റുകളിലാണ് ഹരിയാനയിൽ കോണ്‍ഗ്രസ് മുന്നേറുന്നത്. ബിജെപി 11 സീറ്റുകളിലും മറ്റുള്ളവര്‍ അഞ്ച് സീറ്റുകളിലും മുന്നേറുന്നുണ്ട്. 

ഹരിയാനയിൽ കോണ്‍ഗ്രസിന് വൻ മുന്നേറ്റമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജമ്മു കശ്മീരിലും വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഗ്രസ് സഖ്യം നടത്തുന്നത്. നിലവിൽ 43 സീറ്റുകളിൽ നാഷണല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് സഖ്യവും 26 സീറ്റുകളിൽ ബിജെപിയും പത്ത് സീറ്റിൽ മറ്റുള്ളവരും രണ്ട് സീറ്റിൽ പിഡിപിയുമാണ് മുന്നേറുന്നത്. 
ജമ്മു കശ്മീരിലും തികഞ്ഞ വിജയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. രാവിലത്തെ ലീഡ് നില പ്രകാരം ജമ്മു കശ്മീരിലും  കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ലീഡ്  നില കേവലഭൂരിപക്ഷം മറികടന്നു.

ഹരിയാനയിൽ വിജയം ഉറപ്പിച്ചുകൊണ്ട് ദില്ലിയിലെ എഐസിസി ആസ്ഥാനത്തും ഹരിയാനയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങി. എഐസിസി ആസ്ഥാനത്ത് ലഡ്ഡു വിതരണം ചെയ്തുകൊണ്ടും മുദ്രാവാക്യം വിളിച്ചുകൊണ്ടുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം. ഡോലക്കും ബാന്‍ഡുമേളവുമൊക്കെയായി വലിയ രീതിയിലുള്ള ആഘോഷമാണ് എഐസിസി ആസ്ഥാനത്ത് നടക്കുന്നത്.  പ്ലക്കാര്‍ഡുകളേന്തിയാണ് പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്ത് എത്തിയിരിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *

Back To Top