പൂനെയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മൂന്ന് മരണം; മരിച്ചവരില്‍ മലയാളിയും

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മൂന്ന് മരണം. ബാവ്ധാന്‍ മേഖലയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെടുന്നു. വ്യോമസേനയിലെ റിട്ടയേര്‍ഡ് പൈലറ്റും കൊല്ലം കുണ്ടറ സ്വദേശിയുമായ ഗിരീഷ് പിള്ളയാണ് മരിച്ചത്. മറ്റൊരു പൈലറ്റായ പ്രീതം ഭരദ്വാജ്, എഞ്ചിനീയര്‍ പരംജിത്ത് എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റ് രണ്ട് പേര്‍.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 7.30ന് ഓക്സ്ഫോര്‍ഡ് ഗോള്‍ഫ് ക്ലബിന്റെ ഹെലിപാഡില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ മിനിറ്റുകള്‍ക്കകം തകര്‍ന്നുവീഴുകയായിരുന്നു. നാട്ടുകാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. മൂടല്‍മഞ്ഞാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top