പോലീസ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനത്തിൽ മലപ്പുറം എസ്.പിയെ വേദിയിലിരുത്തി പി.വി.അൻവർ എംഎൽഎ പരസ്യമായി അധിക്ഷേപിച്ച സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി എസ്.പി. എംഎൽഎ പരാമർശിച്ച കേസ് താൻ മലപ്പുറം ജില്ലാ പോലീസ് മേധാവി ആകുന്നതിന് മുമ്പുള്ളതാണ്. അതെന്താണെന്ന് വിശദമായി അന്വേഷിക്കും – അദ്ദേഹം പറഞ്ഞു.
എസ്.പി എസ്.ശശിധരൻ പരിപാടിയിൽ വൈകിയെത്തിയതിൽ പ്രകോപിതനായാണ് എംഎൽഎ വിമർശനം നടത്തിയത്. തന്റെ പാർക്കിലെ റോപ്പ് മോഷണം പോയി എട്ടുമാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ല. വിഷയം തെളിവു സഹിതം നിയമസഭയിൽ അവതരിപ്പിക്കും, എംഎൽഎ പറഞ്ഞു. സാധാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരെ കാരണമില്ലാതെ സ്ഥലം മാറ്റുന്നതും വിമർശനമായി എംഎൽഎ ഉന്നയിച്ചു. അതേസമയം, പരിപാടിയുടെ മുഖ്യപ്രഭാഷകനായ മലപ്പുറം എസ് പി പ്രസംഗം ഒരു വരിയിലൊതുക്കി വേദി വിട്ടിറങ്ങുകയായിരുന്നു. 10.30ന് എത്താനാണ് സംഘാടകർ അറിയിച്ചിരുന്നത്. 10.25ന് തന്നെ വേദിയായ മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിലെത്തുകയും ചെയ്തു. എല്ലാ പരിപാടികൾക്കും ഒരു മിനിറ്റ് പോലും വൈകാതെ എത്തുന്ന ആളാണ് ഞാനെന്നും എസ്.പി പറഞ്ഞു