ഡൊണാള്‍ഡ് ട്രംപിന് നേരെ വീണ്ടും വെടിവെപ്പ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ ഗോള്‍ഫ് കളിയില്‍ ഏര്‍പ്പെട്ടിരിക്കവെയാണ് സമീപത്ത് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കുന്ന റയാന്‍ വെസ്ലി റൂത്ത് എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

യു.എസിലെ പ്രാദേശിക സമയം രണ്ടരയോടെയായിരുന്നു അക്രമം ഉണ്ടായത്. അക്രമി ട്രംപിന് നേരെ രണ്ടിലേറെ തവണ വെടിയുതിര്‍ത്തെന്നാണ് വിവരം. വെടിവെപ്പ് ഉണ്ടായ സമയത്ത് ട്രംപ് ഗോള്‍ഫ് ക്ലബ്ബില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതേസമയം ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ മകനായ ഡൊണാള്‍ഡ് ട്രംപ് ജൂനിയറും വൈറ്റ് ഹൗസും അറിയിച്ചിട്ടുണ്ട്.

ട്രംപിന് സുരക്ഷ ഒരുക്കുന്നതിന് വേണ്ടി ഗോള്‍ഫ് ക്ലബ് ഭാഗികമായി മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ തോക്കുമായി വേലിക്കെട്ടിന് സമീപം ഒളിച്ചിരുന്ന പ്രതി പുറത്ത് നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ച് വെടിയുതിര്‍ത്തതോടെ അക്രമി കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു.

പ്രതിയില്‍ നിന്ന് എ.കെ 47 തോക്കും ക്യാമറകളും രണ്ട് ബാഗുകളും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം ട്രംപിന് നേരെ നടന്നത് വധശ്രമം ആണെന്നും അക്രമത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും എഫ്.ബി.ഐ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂലായിലും സമാനമായി ട്രംപിന് നേരെ വധശ്രമം നടന്നിരുന്നു. പെന്‍സില്‍വാലിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിനെതിരെ തോമസ് ക്രൂക്സ് എന്ന ചെറുപ്പക്കാരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമത്തില്‍ ട്രംപിന്റെ ചെവിക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വെടിയുതിര്‍ത്ത തോമസ് ക്രൂക്സ് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതിനാല്‍ അക്രമത്തിന്റെ പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back To Top