ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പുതിയ സിനിമാനയം വരുന്നു? നയരൂപീകരണത്തിന് കണ്‍സള്‍ട്ടന്‍സി ആലോചനയില്‍

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ റിപ്പോര്‍ട്ടിലെ നടുക്കുന്ന വിഷയങ്ങള്‍ പരിഹരിക്കാന്‍ ആലോചനകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ സിനിമാനയ രൂപീകരണത്തിന് കണ്‍സള്‍ട്ടന്‍സി ആലോചനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിനിമ നിര്‍മ്മാണ വിതരണ പ്രദര്‍ശന മേഖലയിലെ പ്രശ്‌നങ്ങള്‍ വീണ്ടും പഠിക്കും. ഒരു കോടി രൂപ ഇതിനായി സാംസ്‌കാരിക വകുപ്പ് അനുവദിച്ചു.ചലച്ചിത്ര അക്കാദമിയുടെ ആവശ്യപ്രകാരമാണ് പണം അനുവദിച്ചത്.

അതി ഗുരുതരമായ പരാമര്‍ശങ്ങള്‍ നിറഞ്ഞ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം സര്‍ക്കാരിന്റെ മേശപ്പുറത്തിരുന്നത് നീതീകരിക്കാവുന്നതല്ല. ഒരു നടപടിയും ഇതുവരെയും സ്വീകരിക്കാത്ത സര്‍ക്കാരും വിമര്‍ശന വിധേയരാകുന്നുണ്ട്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ക്രിയാത്മക ഇടപെടല്‍ വേണമെന്നതാണ് ആവശ്യം. അതുകൊണ്ടുതന്നെ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. ഏറെക്കാലമായി സര്‍ക്കാര്‍ തന്നെ പറയുന്ന സിനിമാനയം എന്ന് രൂപീകരിക്കുമെന്നതാണ് ഒന്നാമത്തെ ചോദ്യം. അടുത്തമാസം ഉണ്ടാകുമെന്ന് മന്ത്രി പറയുന്നു. റിപ്പോര്‍ട്ടില്‍ തന്നെ സിനിമ മേഖലയ്ക്ക് മാത്രമായി ഒരു ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. റിട്ടയേഡ് വനിതാ ഹൈക്കോടതി ജഡ്ജി ആയിരിക്കണം ട്രൈബ്യൂണല്‍ അധ്യക്ഷ എന്നും പറയുന്നു. അത് നടപ്പിലാക്കാന്‍ സര്‍ക്കാരിന്മേല്‍ സമ്മര്‍ദ്ദമേറും. സിനിമ കോണ്‍ക്ലേവ് നടത്തി വിശദമായ ചര്‍ച്ച സര്‍ക്കാരിന്റെ ആലോചനയിലുണ്ട്. അതിനു സര്‍ക്കാരും പ്രതിപക്ഷവും സിനിമ മേഖലയിലെ മുഴുവന്‍ സംഘടനകളും സഹകരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top