പയ്യന്നൂർ: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന കേസിൽ അംഗനവാടി ടീച്ചറെ വിചാരണയില്ലാതെ തന്നെ കുറ്റവിമുക്തയാക്കി പയ്യന്നൂർ കോടതി. പയ്യന്നൂർ കാര അംഗനവാടി ടീച്ചറായിരുന്ന അന്നൂർ സ്വദേശിയായ കെ.സി സ്മിതയാണ് കുറ്റവിമുക്തയായിരിക്കുന്നത്. പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വി. ഷീജയാണ് സ്മിതയെ കുറ്റവിമുക്തയാക്കിയത്.
കേസിനാസ്പദമായ സംഭവം നടന്നത് 2021 ജനുവരി 26 റിപ്പബ്ലിക് ദിനത്തിലായിരുന്നു. അംഗനവാടിക്ക് മുൻവശം കെട്ടിയ ദേശീയ പതാക സൂര്യാസ്തമയത്തിനു ശേഷം അഴിച്ച് മാറ്റാതെ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന് കാണിച്ച് പയ്യന്നൂർ പൊലീസ് ചാർജ് ചെയ്ത കേസാണിത്.
