17 മിനിറ്റിനിടെ മൂന്ന് ഗോള്‍ വഴങ്ങി; സഹതാരങ്ങള്‍ക്കെതിരേ അശ്ലീല ആംഗ്യംകാണിച്ച് ക്രിസ്റ്റ്യാനോ

റിയാദ്: സൗദി സൂപ്പര്‍ കപ്പ് ഫൈനലില്‍ അല്‍ ഹിലാലിനോട് 4-1ന് പരാജയപ്പെട്ടതിനു പിന്നാലെ കോപാകുലനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ദേഷ്യമടക്കാനാവാതെ സഹതാരങ്ങള്‍ക്കെതിരേ ക്രിസ്റ്റ്യാനോ അശ്ലീലകരവും അധിക്ഷേപകരവുമായ ആംഗ്യങ്ങള്‍ കാണിച്ചു. ആദ്യ പകുതിയില്‍ മുന്നിട്ടുനിന്ന അല്‍ നസറിന്, രണ്ടാംപകുതിയില്‍ അടിപതറുകയും പതിനേഴ് മിനിറ്റിനിടെ അല്‍ ഹിലാലില്‍നിന്ന് മൂന്ന് ഗോളുകള്‍ വഴങ്ങുകയും ചെയ്തതാണ് ക്രിസ്റ്റ്യാനോയെ ചൊടിപ്പിച്ചത്. ക്രിസ്റ്റ്യാനോയുടെ ഗോളിലാണ് അല്‍ നസര്‍ ലീഡ് നേടിയിരുന്നത്.

44-ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോയുടെ ഗോള്‍ പിറന്നത്. ഇതോടെ ആദ്യപകുതി അല്‍ നസറിന് അനുകൂലമായ വിധത്തില്‍ അവസാനിച്ചു. പക്ഷേ, രണ്ടാംപകുതിയില്‍ അല്‍ ഹിലാല്‍ ഗംഭീര തിരിച്ചുവരവ് നടത്തി. നാല് ഗോളുകളാണ് ക്ലബ് നേടിയത്. ഇതോടെ അന്തിമ ഫലത്തില്‍ അല്‍ നസര്‍ 4-1ന് തകര്‍ന്നു. അല്‍ ഹിലാലിന്റെ അവസാന മൂന്ന് ഗോളുകള്‍ പിറന്നത് വെറും 17 മിനിറ്റുകള്‍ക്കിടെയാണ്.

ഇതില്‍ കോപാകുലനായ ക്രിസ്റ്റ്യാനോ, പ്രതിരോധം കാക്കുന്ന സഹതാരങ്ങള്‍ക്കെതിരേ അധിക്ഷേപവും അശ്ലീലവും കലര്‍ന്ന അംഗവിക്ഷേപം നടത്തി. പ്രതിരോധനിര ഉറങ്ങുകയാണെന്ന് കാണിച്ചും മറ്റു വിവാദങ്ങള്‍ക്ക് വഴിവെച്ച ആംഗ്യങ്ങള്‍ കാണിച്ചുമാണ് ക്രിസ്റ്റ്യാനോ തോല്‍വിയുടെ അരിശം തീര്‍ത്തത്. ഇവയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ വൈറലാണ്.

ഗ്രൗണ്ടില്‍ മുന്‍പും ആംഗ്യങ്ങള്‍ കാണിച്ച് ക്രിസ്റ്റ്യാനോ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആരാധകര്‍ക്കുനേരെ അംശ്ലീല ആംഗ്യം കാണിച്ചതിന്റെ പേരില്‍ സൗദി പ്രോലീഗില്‍നിന്ന് റൊണാള്‍ഡോയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top