ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് 8 വര്‍ഷം, നിരോധിക്കപ്പെട്ട നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തി

ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് 8 വര്‍ഷം. 2016 നവംബര്‍ 8ന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. 15.44 ലക്ഷം കോടി രൂപ മൂല്യമുണ്ടായിരുന്ന 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ അതോടെ അസാധുവായി. അപ്രതീക്ഷിതമായ ഈ നീക്കത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത വിമര്‍ശനത്തോടെയാണ് നേരിട്ടത്. വിമര്‍ശനം ഉന്നയിച്ച് ധനകാര്യവിദഗ്ധനായ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ നടത്തിയ പ്രസംഗം നോട്ട് നിരോധനത്തിന്റെ ആഴമേറിയ വിശകലനമായിരുന്നു.

നിരോധിക്കപ്പെട്ട നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തി. പകരം പുറത്തിറക്കിയ 2000 ന്റെ നോട്ടുകള്‍ 2013ല്‍ റിസര്‍വ് ബാങ്ക് വിപണിയില്‍ നിന്ന് പിന്‍വലിച്ചു. 98.04 ശതമാനം 2000 രൂപാനോട്ടുകളും തിരിച്ചെത്തി. ആര്‍ബിഐയുടെ കണക്ക് പ്രകാരം 7000 കോടി രൂപയോളം വിപണിയില്‍ നിന്ന് തിരിച്ചുകിട്ടാനുണ്ട്.

500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച 2016-ലാണ് രാജ്യത്ത് യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് അവതരിപ്പിച്ചത്. തുടക്കത്തില്‍ യുപിഐക്ക് വലിയ പ്രചാരമുണ്ടായിരുന്നില്ല. എന്നാല്‍ കൊവിഡ് കാലത്ത് സ്ഥിതിമാറി. പണമിടപാടുരീതിയില്‍ വലിയമാറ്റങ്ങളുണ്ടായി. കൂടുതല്‍ പേരും ക്യൂആര്‍ കോഡ് ഉപയോഗിച്ച് പണം കൈമാറാന്‍ തുടങ്ങി. 2024 മാര്‍ച്ചിലെ കണക്കനുസരിച്ച് രാജ്യത്ത് 40 ശതമാനം സാമ്പത്തിക ഇടപാടുകളും ഡിജിറ്റല്‍ ഇടപാടുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top