ചെറുവത്തൂർ (കാസർകോട്): കാവുംചിറ പഴയ തുറമുഖത്തിന് സമീപത്തെ കെ.വി. പ്രകാശന്റെ (35) ആത്മഹത്യക്ക് പിന്നിൽ യുവതി പോലീസിൽ പരാതി നൽകിയതും കേസ് പിൻവലിക്കാൻ രണ്ടരലക്ഷം രൂപ ആവശ്യപ്പെട്ടെന്നും വ്യക്തമാകുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് മത്സ്യക്കച്ചവടക്കാരനായ പ്രകാശനെ കാടങ്കോട് ജയ്ഹിന്ദ് വായനശാലയ്ക്ക് സമീപത്തെ പഴയകെട്ടിടത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
യുവതി ചന്തേര പോലീസിൽ നൽകിയ വ്യാജപരാതിയിൽ മനംനൊന്താണ് പ്രകാശൻ മരിച്ചതെന്ന് ആരോപിച്ച് സഹോദരീഭർത്താവ് രാജേന്ദ്രൻ എന്ന രാജൻ അന്നുതന്നെ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എസ്.ഐ. സതീഷ് വർമയും സഘവും ഞായാറാഴ്ച പ്രകാശൻ തൂങ്ങിമരിച്ച മുറിയും പരിസരവും പരിശോധിച്ചു. മുറിയുടെ മേശയിൽനിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്.
ഇതിനിടയിൽ കേസ് ഒത്തുതീർപ്പാക്കാമെന്ന നിർദേശവുമായി പ്രകാശൻ മരിക്കുന്നതിന് തലേദിവസം രണ്ടുപേർ സംസാരിക്കുകയും രണ്ടരലക്ഷം രൂപ ആവശ്യപ്പെട്ടതായും പറയുന്നു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും ആത്മഹത്യാക്കുറിപ്പിലും സഹോദരീഭർത്താവിന്റെ പരാതിയിലും പറഞ്ഞ യുവതിയിൽനിന്ന് അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കുമെന്നും എസ്.ഐ. സതീഷ് വർമ പറഞ്ഞു.