സ്പിരിറ്റിൽ ഭാഗമാകുന്നതിന് നിരവധി ഡിമാന്റുകളാണ് ദീപിക പദുകോൺ മുന്നോട്ടുവെച്ചതെന്ന് റിപ്പോർട്ട്
അർജുൻ റെഡ്‌ഡി, അനിമൽ എന്നീ സിനിമകളുടെ സംവിധായകൻ സന്ദീപ് റെഡ്‌ഡി വംഗയും പ്രഭാസും ഒന്നിക്കുന്ന ചിത്രമാണ് ‘സ്പിരിറ്റ്’. ഈ ചിത്രത്തിൽ ബോളിവുഡ് താരം ദീപിക പദുകോൺ നായികയാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചത് മൂലം ദീപികയെ സിനിമയിൽ നിന്ന് ഒഴിവാക്കിയതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
സ്പിരിറ്റിൽ ഭാഗമാകുന്നതിന് നിരവധി ഡിമാന്റുകളാണ് ദീപിക പദുകോൺ മുന്നോട്ടുവെച്ചതെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു ദിവസത്തിൽ ആറ് മണിക്കൂർ മാത്രം ഷൂട്ടിങ്, 20 കോടി പ്രതിഫലവും അതിന് പുറമെ സിനിമയുടെ ലാഭവിഹിതവും നടി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. കൂടാതെ താൻ തെലുങ്കിൽ ഡയലോഗുകൾ പറയില്ല എന്നും നടി പറഞ്ഞതായും സൂചനകളുണ്ട്.
ഈ ഡിമാന്‍റുകള്‍ അംഗീകരിക്കാന്‍ സ്പിരിറ്റ് ടീം തയ്യാറായില്ല എന്നും ദീപികയ്ക്ക് പകരം മറ്റൊരു നായികയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ എന്നാണ് വിവരം. എന്നാൽ ഇക്കാര്യങ്ങളിൽ ദീപികയുടെ അടുത്ത വൃത്തങ്ങളിൽ നിന്നോ സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്നോ ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല.
സ്പിരിറ്റ് 2025 ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും എന്നും സൂചനകളുണ്ട്. 2027 ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. മൃണാൾ താക്കൂർ, സെയ്ഫ് അലി ഖാൻ, കരീന കപൂർ തുടങ്ങിയവരുടെ പേരുകളും സിനിമയുമായി ബന്ധപ്പെട്ട് കേട്ടിരുന്നു.