ലസ്റ്റർ: ആറിന് പകരം ഒരോവറിൽ ബൗളർ എറിഞ്ഞത് പതിനെട്ട് പന്ത്. എന്നിട്ടും ഓവർ അവസാനിച്ചില്ല. അതിന് മുൻപ് തന്നെ എതിരാളികൾ വിജയിച്ചു. ചൊവ്വാഴ്ച ലോക ലെജന്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു ഈ വിചിത്ര ഓവര്‍ പിറന്നത്. പാകിസ്താന് ചാമ്പ്യന്‍സിനെതിരേ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ജോണ്‍ ജോൺ ഹേസ്റ്റിറ്റിങ്സാണ് വിചിത്രമായ ഈ ഓവറിന്റെ പേരിൽ നാണംകെട്ടൊരു റെക്കോഡ് സ്വന്തമാക്കിയത്.
രണ്ടാമത് ബാറ്റ് ചെയ്യുന്ന പാകിസ്താന് വിജയിക്കാന്‍ 75 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഹേസ്റ്റിങ്സ് പന്തെറിയാനെത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 55 എന്ന ശക്തമായ നിലയിലായിരുന്നു അവര്‍. അഞ്ച് പന്ത് എറിയുന്നതിനിടെ ഹേസ്റ്റിങ്സ് 12 വൈഡും ഒരു നോബോളും എറിഞ്ഞു. അഞ്ചാമത്തെ പന്തില്‍ പാകിസ്താന് കളി ജയിച്ചതിനാല്‍ ഹേസ്റ്റിങ്സ് ഓവര്‍ പൂര്‍ത്തീകരിക്കാനുമായില്ല. അഞ്ച് വൈഡുകളോടെയാണ് ഹേസ്റ്റിങ്സ് തന്റെ ഓവര്‍ ആരംഭിച്ചത്. ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ പന്തെറിയുന്ന ബൗളറെന്ന റെക്കോഡാണ് ഇതോടെ ഹേസ്റ്റിങ്സിന്റെ പേരിലായത്.
വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍സ്ഡ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനലില്‍ പാകിസ്താന് ഇന്ത്യയെ നേരിടും. ഫൈനലില്‍ സ്ഥാനം ഉറപ്പിക്കാനായി ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെയും നേരിടും. ഈ വര്‍ഷമാദ്യം നടന്ന പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍, ഇന്ത്യന്‍ താരങ്ങളും ടൂര്‍ണമെന്റിലെ ഒരു പ്രധാന സ്പോണ്‍സറുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇന്ത്യ-പാകിസ്താന് ലീഗ് ഘട്ട മത്സരം നേരത്തെ റദ്ദാക്കിയിരുന്നു.