പാലക്കാട്: ജല്‍ജീവന്‍ മിഷന് കണക്ഷന്റെ ബില്ല് കണ്ട് ഞെട്ടി ഒറ്റപ്പാലം മനിശ്ശേരി മാന്നനൂരിലെ കുടുംബങ്ങള്‍. 10,000 മുതല്‍ 85,000 രൂപ വരെ ഭീമമായ തുകയാണ് നാട്ടുകാര്‍ക്ക് വെള്ളം ബില്ലായി വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് ലഭിച്ചത്. പുതുതായി ജല്‍ജീവന്‍ മിഷന്റെ കണക്ഷന് ലഭിച്ച കുടുംബങ്ങള്‍ക്കാണ് ഭീമമായ തുക അടയ്ക്കാന്‍ ആവശ്യപ്പെട്ട ബില്ല് ലഭിച്ചത്. സംഭവം റിപ്പോര്‍ട്ടര്‍ വാര്‍ത്തയായതിന് പിന്നാലെ ബില്‍ തുക അടക്കേണ്ടതില്ലെന്ന് കുടുംബങ്ങള്‍ക്ക് വാട്ടര്‍ അതോറിറ്റി നിര്‍ദേശം നല്കി.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ഒറ്റപ്പാലം വാണിയംകുളത്തിന് സമീപം മാന്നനൂരിലെ കുടുംബങ്ങള്‍ക്ക് ജലജീവന്‍ മിഷന്റെ കണക്ഷന് ലഭിക്കുന്നത്. മാര്‍ച്ചില്‍ ലഭിച്ച ആദ്യ ബില്ല് 74 രൂപ മാത്രം അടയ്ക്കാന്‍ ആവശ്യപ്പെട്ടായിരുന്നു. എന്നാല്‍ ഈ മാസം ലഭിച്ച ബില്ല് കണ്ട് മാന്നനൂര്‍ നിവാസികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. പലര്‍ക്കും ലഭിച്ചത് പതിനായിരം മുതല്‍ വന്‍ തുക അടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്ല്. ഇതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റിക്ക് പരാതി നല്കി.
എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച ശേഷം വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ ആദ്യ മറുപടി. സംഭവം റിപ്പോര്‍ട്ടര്‍ വാര്‍ത്തയായതിന് പിന്നാലെ സാങ്കേതിക പ്രശ്നമാണെന്ന് കാട്ടി ഭീമമായ ബില്‍ തുക അടക്കേണ്ടതില്ല എന്ന നിര്‍ദേശം വാട്ടര്‍ അതോറിറ്റി കുടുംബംങ്ങള്‍ക്ക് നല്‍കുകയായിരുന്നു.