പ്രതിഷേധിക്കുന്നവർ ജോലിയിൽ പ്രവേശിക്കണമെന്ന് സുപ്രീം കോടതി; ഭീഷണിയുണ്ടെന്ന് റെസിഡന്റ് ഡോക്ടർമാർ

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് പ്രതിഷേധിക്കുന്നവര്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് സുപ്രീംകോടതി. ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കാത്തതുമൂലം സാധാരണക്കാരാണ് ബുദ്ധിമുട്ടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.

ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ സി.ബി.ഐയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാക്കി. ഇന്റേണുകള്‍, റെസിഡന്റ്- സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാര്‍, നഴ്‌സുമാർ, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുള്‍പ്പെടെ എല്ലാവരുടേയും ആശങ്കകള്‍ കോടതി രൂപവത്കരിച്ച പ്രത്യേക ദൗത്യസംഘം കേള്‍ക്കുമന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.

അതേസമയം, ആര്‍.ജി. കര്‍ ആശുപത്രിയിലെ റെസിഡന്റ് ഡോക്ടര്‍മാര്‍ ഇപ്പോഴും ഭീതിയിലാണെന്ന് അവര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഗീത് ലുത്‌റ പറഞ്ഞു. പേരുകള്‍ മുദ്രവെച്ച കവറില്‍ നല്‍കിയിട്ടുണ്ട്. ആശുപത്രി അധികൃതറില്‍നിന്നാണ് ഭീഷണി നേരിടുന്നതെന്നും അഭിഭാഷക വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top